ക്ഷേത്ര ചരിത്രം
ശ്രീ ചേമ്പാലക്കുളം ഭഗവതിക്ഷേത്രം കോട്ടപ്പടി
ഗുരുവായൂരില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടപ്പടി വളരെ ചരിത്രപ്രാധാന്യമുള്ള ദേശമാണ്. പ്രശസ്തമായ പുന്നത്തൂര്‍ കോട്ടയുടെ പടി ആയതിനാലാണ് ഈ ദേശത്തിന് കോട്ടപ്പടി എന്ന പേര് വന്നത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളെ കെട്ടുന്നത് പുന്നത്തൂര്‍കോട്ടയിലാണ്. ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ നാട്ടാനകളുള്ള സ്ഥലമാണ് പുന്നത്തൂര്‍ ആനത്താവളം. കോട്ടപ്പടിയുടെ തിലകക്കുറിയാണ് ദേശസംരക്ഷണത്തിനായി സ്വയംഭൂവായ ചേമ്പാലക്കുളം ഭഗവതി.
പുന്നത്തൂര്‍ കോട്ടയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വടക്കുകിഴക്കു ഭാഗത്താണ് ചേമ്പാലക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏത് വേദനയിലും മനമുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍ ദേശക്കാര്‍ക്ക് സാന്ത്വനസാമീപ്യമാകുന്ന ദേവീകടാക്ഷം. ശാന്തിക്കും അഭിവൃദ്ധിക്കും കാരണഭൂതനായ ശക്തി.തട്ടകത്തിലെ ഏത് മംഗളകര്‍മ്മങ്ങള്‍ക്ക് മുമ്പും ദേവീസന്നിധിയിലെത്തി പ്രാര്‍ത്ഥനയും വഴിപാടും ചെയ്യുകയെന്നത് ഈ ദേശക്കാരുടെ ശീലമാണ്.
ക്ഷേത്രോത്ഭവത്തിന്‍റെ ചരിത്രം
പുരാതന നമ്പൂതിരി ഇല്ലമായിരുന്ന വെള്ളിയാട്ട് മനക്കാരുടെ വക സ്ഥലമായിരുന്നു ഇവിടം. വെള്ളിയാട്ട് മനയിലെ ഒരു നമ്പൂതിരി ഇവിടേയ്ക്ക് വന്നു. കൈകാല്‍ കഴുകുവാന്‍ തന്‍റെ കുട പറമ്പിലെ കുളക്കരയില്‍ വെച്ച് തിരിച്ചുവന്ന് കുടയെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ കുടയെടുക്കുവാന്‍ കഴിയുന്നില്ല. ഏതോ അദൃശ്യശക്തി ഭൂമിക്കടിയില്‍ നിന്ന് കുട അമര്‍ത്തിപ്പിടിച്ചിരിക്കുന്നതുപോലെ! ഭക്തനായ ആ ബ്രാഹ്മണന്‍ ഒടുവില്‍ അവിടെ കുഴിച്ചു നോക്കിയപ്പോള്‍ ചോര പൊടിഞ്ഞ ഒരു കല്ല് കണ്ടെത്തി. എന്തെന്നറിയാന്‍ പ്രശ്നം വെച്ചു. ആ കല്ലില്‍ ദേവി ചൈതന്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. കുളക്കരയില്‍ ദേവീചൈതന്യത്തെ കുടിയിരുത്തി. കുളക്കരയിലെ ക്ഷേത്രം ചേമ്പാലംകുളങ്ങര ക്ഷേത്രമായി. അന്ന് ഭൂമിക്കടയില്‍ കണ്ട ശില വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേവിചൈതന്യമായ ശിലക്ക് പിന്നില്‍ ദേവിരൂപത്തിലുള്ള ഗോളക പണിത് പ്രതിഷ്ഠിച്ചിട്ടുണ്ട്.
താഴത്തെകാവ് എന്നറിയപ്പെടുന്ന ദേവിക്ഷേത്രം അല്‍പം അകലത്തായി ഉണ്ടായിരുന്നു. ക്ഷേത്രം പുതുക്കിപണിതപ്പോള്‍ ക്ഷേത്ര മുറ്റത്തുതന്നെ താഴത്തെക്കാവിലമ്മയെ പ്രതിഷ്ഠിച്ചു. പടിഞ്ഞാറോട്ട് ദര്‍ശനമേകുന്ന ഭഗവതിയുടെ കന്നിക്കോണില്‍ ഗണപതിയും, ഉള്ളമ്പലത്തിന് പുറത്ത് കന്നിക്കോണില്‍ ശാസ്താവുമുണ്ട്. ഈശാനകോണില്‍ നാഗപ്രതിഷ്ഠയും വായുകോണില്‍ ബ്രഹ്മരക്ഷസ്സും, ക്ഷേത്രവൃക്ഷങ്ങളായി വളരെ പഴക്കമുള്ള അരയാലും, കൂവളവും തിരുമുറ്റത്ത് പച്ചപ്പ് നല്‍കി നില്‍ക്കുന്നു
പൂക്കുലചാട്ടവും കുളംചാട്ടവും
മകരമാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയാണ് ഈ ക്ഷേത്രത്തില്‍ താലപ്പൊലി നടക്കുന്നത്. ഉത്സവത്തിന് കൊടിയേറിയാല്‍ പ്രധാനവീടുകളില്‍ പറയെടുപ്പ് നടത്തുന്ന ചടങ്ങുണ്ട്. ക്ഷേത്രത്തിലും പറയെടുപ്പ് വിശേഷാല്‍ പൂജയാണ്. പൂക്കുലച്ചാട്ടം ഈ ക്ഷേത്രത്തില്‍മാത്രം കണ്ടുവരുന്ന ആചാരമാണ്. സാധാരണ നമ്പൂതിരിമാരാണ് പൂജ നടത്തുന്നതെങ്കിലും ഉത്സവദിവസം മാത്രം എമ്പ്രാന്തിരിമാരാണ് പൂജ നടത്തുക. ആ പൂജയ്ക്ക് രൗദ്രത ഏറുമെന്നാണ് പറയുന്നത്. സ്ത്രീകള്‍ കലംകരിക്കലി (പൊങ്കാല) നായി ക്ഷേത്രാങ്കണത്തിലെത്തി നേദ്യച്ചോറും ശര്‍ക്കരപായസവും ഉണ്ടാക്കും. ഉച്ചതൊട്ട് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദേശപൂരങ്ങളുടെ വരവായി.ആനകള്‍, പൂക്കാവടികള്‍, തെയ്യം, തിറയും പൂതനും, കാളിയും മൂക്കന്‍ ചാത്തനും, വിവിധ വര്‍ണ്ണങ്ങളിലുള്ള കരിങ്കാളികള്‍ എന്നിവയെല്ലാം ക്ഷേത്രാങ്കണത്തില്‍ എത്തുന്നതോടെ ഉത്സവത്തിന്‍റെ ഉച്ചഘട്ടമായി. പകല്‍പൂരം കഴിഞ്ഞാല്‍ വെടിക്കെട്ട് ഉണ്ടാവാറുണ്ട്. അതുകഴിഞ്ഞാല്‍ സന്ധ്യ കഴിഞ്ഞ് നടക്കുന്ന കുളംചാട്ടം ഈ ക്ഷേത്രത്തിലെ മാത്രം ആചാരങ്ങളിലൊന്നാണ്. കുളക്കരയില്‍ കണ്ടെത്തിയ ദേവി സാമീപ്യത്തിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ആചാരം നിലവില്‍ വന്നത്. അന്ന് കോമരമായി തുളളുന്ന വെളിച്ചപ്പാട് തന്‍റെ കയ്യിലുള്ള ചിലമ്പ് കുളത്തിലേയ്ക്ക് ഏറിയുകയും കുളത്തിലേയ്ക്ക് ചാടി അത് എടുത്തുവരുന്നതുമാണ് കുളംചാട്ടം.
രാത്രി വാദ്യാഘോഷത്തിന്‍റെ അകമ്പടിയോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകള്‍ താലമേന്തി ക്ഷേത്രത്തിലേയ്ക്ക് വന്നുകൊണ്ടിരിക്കും. ആ സമയത്ത് ക്ഷേത്രമുറ്റത്തുനടക്കുന്ന ഐവര്‍കളി, കോല്‍ക്കളി എന്നിവ ഉത്സവത്തിന്‍റെ മറ്റൊരു പ്രത്യേകത കൂടിയാണ്. രാത്രി വീണ്ടും എത്തുന്ന ദേശപ്പൂരങ്ങള്‍ അവസാനിക്കുന്നതോടൊപ്പം വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ താലങ്ങള്‍ വീണ്ടും തെളിയിച്ച് എല്ലാ സ്ത്രീകളും ഒന്നിച്ച് ക്ഷേത്രപ്രദക്ഷിണം വയ്ക്കും. കോമരം തുള്ളി എല്ലാവരേയും അനുഗ്രഹിക്കുന്നതോടെ താലപ്പൊലി അവസാനിക്കുകയായി. മണ്ഡലകാലത്ത് ഈ ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് പതിവാണ്.